ഗൂഗിളിന്റെ അപ്രതീക്ഷിതമായ പിരിച്ചുവിടൽ നടപടികളിൽ നടുങ്ങി : ജീവനക്കാർ
ഗൂഗിളിന്റെ അപ്രതീക്ഷിതമായ പിരിച്ചുവിടൽ നടപടികളിൽ നടുങ്ങിയിരിക്കുകയാണ് ജീവനക്കാർ. ഇത്തവണ കാൻസർ ബാധിതയായ മാതാവിനെ പരിചരിക്കുന്നതിനായി കമ്പനിയിൽ നിന്ന് അവധിയെടുത്ത ജീവനക്കാരനെയാണ് ഗൂഗിൾ പിരിച്ചുവിട്ടിരിക്കുന്നത്. കെയർ ലീവിലായിരുന്ന പോൾ ബേക്കറിനാണ് ഇതോടെ ജോലി നഷ്ടമായത്. ഗൂഗിൾ വീഡിയോ പ്രൊഡക്ഷൻ മാനേജറായാണ് പോൾ ബേക്കർ ജോലി ചെയ്തിരുന്നത്. ഇത്തരത്തിൽ അപ്രതീക്ഷിതമായ ഒട്ടനവധി സംഭവങ്ങൾ ഗൂഗിളിൽ ഉണ്ടായിട്ടുണ്ട്. കുഞ്ഞിനു ജന്മം നൽകിയ സ്ത്രീ ആശുപത്രിയിൽ തുടരുമ്പോൾ തന്നെ പിരിച്ചുവിട്ടത് ഏറെ ചർച്ചയായിരുന്നു.ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ഗൂഗിൾ ജീവനക്കാരെ പിരിച്ചുവിടുന്നത്. 12,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് സിഇഒ സുന്ദർ പിച്ചൈ ഇ-മെയിൽ മുഖാന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് ഉദ്യോഗാർത്ഥിയെ റിക്രൂട്ട് ചെയ്യുമ്പോൾ തന്നെ എച്ച്ആർ മാനേജർക്ക് ജോലി നഷ്ടമായിരുന്നു. സമാനമായ രീതിയിലുള്ള പിരിച്ചുവിടൽ നടപടികൾ ഉണ്ടായേക്കാമെന്നാണ് ജീവനക്കാരുടെ ആശങ്ക.