ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു
ഭുവനേശ്വര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറില്‍വെച്ചാണ് മന്ത്രിക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നബ കിഷോര്‍ ദാസ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ചത്. ഇതില്‍ ഒന്ന് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുമൂലമുള്ള തീവ്രമായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ്‌നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഗാന്ധി ചൗക്ക് ഓട്ട്‌പോസ്റ്റ് എ.എസ്.ഐ. ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്കുനേരെ വെടിയുതിര്‍ത്തത്.