‘ഡിസംബറോടെ ദേശീയപാത വികസനം പൂർത്തീകരിക്കും’; കോഴിക്കോട് നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂർത്തീകരിക്കാൻ സാധിക്കും. കോഴിക്കോട്, നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നാദാപുരം റോഡിൽ കിഴക്കും പടിഞ്ഞാറും രണ്ടായി മുറിക്കുന്ന റെയിൽ പാളത്തെ മുറിച്ചുകടക്കാൻ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. സി കെ നാണു വടകര എംഎൽഎയായിരുന്ന കാലത്താണ് നാദാപുരം റോഡ് റെയിൽവേ അടിപ്പാത നിർമ്മാണത്തിന് തുടക്കമിടുന്നത്.
എംഎൽഎയുടെ ആസ്തി വികസനഫണ്ടും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടും ഉപയോഗിച്ചാണ് അടിപ്പാതയും അനുബന്ധ പ്രവൃത്തികളും പൂർത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം നടപ്പിലാക്കുന്നുണ്ട്. അതിൽ എട്ടെണ്ണം ഇതുവരെ പൂര്‍ത്തീകരിച്ചതായും, ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പല ഇടങ്ങളിലും അടിപ്പാത നിർമ്മാണം സങ്കീർണതകൾ നിറഞ്ഞതാണ്. അത് ലളിതമാക്കി സാധ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു. ചടങ്ങിൽ കെ. കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിത്ത്, ചോറോട് പഞ്ചായത്ത് പ്രസിഡന്‍റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.