‘ഞങ്ങൾ കുടുങ്ങിക്കിടന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്’: സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങൾ കുടുങ്ങിക്കിടക്കാനായ സംഭവത്തിൽ നാസ, സ്റ്റാർലൈൻ അടക്കം എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ദൌത്യത്തിൽ പങ്കെടുത്ത സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ നിന്നും തിരികെയെത്തിയ ശേഷം ആദ്യമായി ബുച്ച് വിൽമോറുമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ പ്രതികരണം.
അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാർ മൂലമാണ് തങ്ങൾ കുടുങ്ങിപ്പോയതെന്ന് പറഞ്ഞ സുനിത ഈ വിഷയത്തിൽ ആരേയും കുറ്റപ്പെടുത്താനില്ലെന്നും വ്യക്തമാക്കി. തുടർന്നുള്ള ബഹിരാകാശ ദൌത്യങ്ങൾക്ക് ഇതൊരു പാഠമാണെന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സാങ്കേതിക മികവ് വളരെ പ്രധാനമാണന്നും സുനിത കൂട്ടിച്ചേർത്തു.
അതേസമയം ദൌത്യം നീണ്ടതോടെ മൈക്രോ ഗ്രാവിറ്റിയിൽ നിരവധി പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞുവെന്ന് സുനിത വില്യംസ് കൂട്ടിച്ചേർത്തു. നിലയത്തിന് അകത്തും പുറത്തും നിരവധി പരീക്ഷണങ്ങൾ നടത്താൻ കഴിഞ്ഞുവെന്നും ഏവരുടേയും പിന്തുണയും കരുതലുമെല്ലാമാണ് ഇതിന് ശക്തിയായതെന്നും സുനിത വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.