‘എമ്പുരാന്‍ വിവാദം വെറും ഡ്രാമ, ഇതെല്ലാം ബിസിനസ്’ : സുരേഷ് ഗോപി എംപി
എമ്പുരാന്‍ വിവാദം വെറും ഡ്രാമയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സിനിമയെ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിലെ വിവാദം എന്തിനാണെന്നും സുരേഷ് ഗോപി. ഇതെല്ലാം വെറും ബിസിനസ്സ് മാത്രമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തില്‍ ഖേദപ്രകടനം നടത്തിയത് ആരെയും വേദനിപ്പിക്കാതിരിക്കാനാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.ഖേദപ്രകടനത്തില്‍ മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ എഡിറ്റ് നടത്തിയത്. മാത്രമല്ല ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് കഥ അറിയാമായിരുന്നെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മോഹന്‍ലാലിന് സിനിമയെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അറിയില്ലന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരും സിനിമയെ മനസിലാക്കിയവരാണ്. തെറ്റു ചെയ്യാന്‍ അല്ല സിനിമ എടുത്തത് ശരിയെന്ന് തോന്നിയത് കൊണ്ടാണ്. പുതിയ പതിപ്പ് ഇന്ന് വൈകിട്ട് തിയേറ്ററുകളില്‍ എത്തുമെന്ന് കരുതുന്നതെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.