ഇറാഖില്‍ വിവാഹാഘോഷം ദുരന്തത്തില്‍ കലാശിച്ചു

Spread the love

ബഗ്ദാദ്: ഇറാഖില്‍ വിവാഹാഘോഷം ദുരന്തത്തില്‍ കലാശിച്ചു, സല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ വധൂവരന്‍മാരടക്കം 100 പേര്‍ മരിച്ചു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്റ് ഹാളിലാണ് സംഭവം. തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ (ഏകദേശം 250 മൈല്‍) വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 10:45 ന് ആണ് ദുരന്തം സംഭവിച്ചത്. ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെട്ടവരെ തിരയുന്നതിനായി കെട്ടിടത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങള്‍ക്ക് മുകളിലൂടെ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപിടിത്തത്തില്‍ സീലിങ്ങിന്റെ ചില ഭാഗങ്ങള്‍ ഇടിഞ്ഞുവീണിരുന്നു. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്നും ആരോപണമുണ്ട്. പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവര്‍ണര്‍ ഐഎന്‍എയോട് പറഞ്ഞു. മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *