ആശാ പ്രവര്‍ത്തക വിഷയം; മന്ത്രി വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ
ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പാര്‍ലമെന്റിന് വെളിയില്‍ മാധ്യമങ്ങളെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കാണാന്‍ അനുമതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ ആരോഗ്യമന്ത്രി ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. അതേസമയം അനുമതിക്കുളള അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആശാവർക്കർമാരുടെ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി തേടിയ സംഭവം കെ സി വേണുഗോപാൽ ലോക്സഭയിലുന്നയിച്ചിരുന്നു.
എന്നാൽ വിഷയത്തിൽ കെ സിക്ക് നേരിട്ട് ചേംബറിൽ മറുപടി നൽകാമെന്ന് നദ്ദ വ്യക്തമാക്കി. ലോക്സഭയിലെ ഇന്നത്തെ ചർച്ചാ വിഷയം വേറെയായതിനാൽ സഭയിൽ കൂടുതൽ മറുപടിക്കില്ലെന്നും നദ്ദ വിവരിച്ചു. പകർച്ചവ്യാധി അല്ലാത്ത രോഗത്തെ സംബന്ധിച്ചായിരുന്നു ഇന്ന് ലോക്സഭയിൽ ചർച്ച. ഇത് ചൂണ്ടികാട്ടിയാണ് നദ്ദ, കെ സിക്ക് ചേംബറിൽ നേരിട്ട് മറുപടി നൽകാമെന്ന് വ്യക്തമാക്കിയത്.