ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും

Spread the love

തിരുവനന്തപുരം : ബാലരാമപുരത്തെ മതപഠനശാലയിൽ 17 കാരി അസ്മിയയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബി ജെ പിയും എ ബി വിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്. മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാ‍ർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചില പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാനും ശ്രമിച്ചു. മതപഠനശാല അനുകൂലികളും ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നു.അതേസമയം ദുരൂഹ സാഹചര്യത്തിൽ 17 കാരി അസ്മിയ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിനായി നെയ്യാറ്റിൻകര എ എസ് പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *