അരുണാചൽ പ്രദേശിൽ നിന്നുള്ള 6 കുട്ടികളുടെ ഹൃദയാരോഗ്യം വീണ്ടെടുത്ത് ആസ്റ്റർ മെഡ്‌സിറ്റി

Spread the love

കൊച്ചി : ഹൃദയസംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആറ് അരുണാചൽ കുട്ടികൾക്ക് ആശ്വാസമായി ആസ്റ്റർ മെഡ്‌സിറ്റി. ഇറ്റാനഗറിൽ ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലാണ് ഈ കുട്ടികൾക്ക് ജന്മനായുള്ള ഹൃദ്രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഒണിയ ഹാർട്ട് ഫൗണ്ടേഷന്റെ കൂടി നേതൃത്വത്തിൽ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ വോളന്റിയേഴ്‌സ് ഈ കുട്ടികളെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. അവരുടെ ആതിഥേയത്വം ഏറ്റെടുത്ത കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാരോടും ജീവനക്കാരോടുമുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ച ശേഷമാണ് ആറുപേരും നിറഞ്ഞ പുഞ്ചിരിയോടെ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോയത്.

ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനായി ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ ദേശീയതലത്തിൽ നടത്തുന്ന “ഹാർട്ട് ടു ഹാർട്ട്” പദ്ധതിയുടെ ഭാഗമായിരുന്നു ഈ സദ്പ്രവൃത്തി. കഴിഞ്ഞ ഡിസംബറിലാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ആർ.കെ. മിഷൻ ആശുപത്രിയിൽ ആസ്റ്റർ വോളന്റിയേഴ്‌സ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. നവജാത ശിശുക്കൾ മുതൽ 25 വയസ് വരെയുള്ള 130 പേരാണ് സൗജന്യ പരിശോധനാ ക്യാമ്പിൽ പങ്കെടുത്തത്.

അതിൽ ഉടൻ ചികിത്സ ആവശ്യമുള്ള 25 കുട്ടികളെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നു. ഈ സംഘത്തിലുള്ള ആറ് കുട്ടികളാണ് വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലെത്തിയത്.

ഉടനടി ചികിത്സ ആവശ്യമുള്ള, ഏറെ അപകടകരമായ ഹൃദ്രോഗങ്ങളായിരുന്നു ഈ കുട്ടികൾക്കുണ്ടായിരുന്നത്. ഇവർക്കായി സങ്കീർണമായ രണ്ട് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകളും നാല് കാർഡിയാക് കത്തീറ്ററൈസേഷനുമാണ് ആസ്റ്റർ മെഡ്സിറ്റിയിൽ നടത്തിയത്. ഇതിൽ ഓപ്പൺ ഹാർട്ട് സർജറികളും ഒരു കത്തീറ്ററൈസേഷനും പൂർണമായും സൗജന്യമായാണ് ചെയ്തുനൽകിയത്. മറ്റുകുട്ടികളുടെ ചികിത്സാച്ചെലവുകളുടെ ഭാരം പരമാവധി കുറച്ചുനൽകുകയും ചെയ്തു.

രാജ്യത്തിൻറെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പുകളിലൂടെയാണ് ഈ പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നത്. ‘ഹാർട്ട് ടു ഹാർട്ട്’ പദ്ധതിക്ക് കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 66 കുട്ടികളെയാണ് ആസ്റ്റർ വോളന്റിയേഴ്‌സ് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.

ഏഴ്‌ വർഷങ്ങൾക്ക് മുൻപാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എഡ്വിൻ ഫ്രാൻസിസ് അന്ന് സമാനമായ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പിലേക്ക് തന്റെ നവജാതശിശുവിനെയും കൊണ്ട് ഒരാൾ വന്നു. ഒണിയ ഹാർട്ട് ഫൗണ്ടേഷന്റെ സ്ഥാപകയായ നബാം യഹിയായിരുന്നു അത്. അവരുടെ കൈക്കുഞ്ഞായ മകൾ ജന്മനാ ഗുരുതരമായ ഹൃദ്രോഗം കാരണം ബുദ്ധിമുട്ടുകയായിരുന്നു. ആ കുഞ്ഞിനെ അന്ന് കൊച്ചിയിലെത്തിച്ച് വിദഗ്ധ പരിചരണവും ചികിത്സയും നൽകി. ആ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒണിയ ഹാർട്ട് ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. അന്നുമുതൽ ആസ്റ്റർ മെഡ്സിറ്റിയുമായുള്ള ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

അരുണാചൽ പ്രദേശിലുള്ള കൂടുതൽ കുട്ടികൾക്ക് ഈ സഹകരണത്തിന്റെ ഭാഗമായി ഭാവിയിൽ ചികിത്സനൽകുമെന്ന് ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു. ഇറ്റാനഗറിലെ ക്യാമ്പിൽ നിന്ന് കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നുള്ള കൂടുതൽ കുട്ടികളെ ഈ മാസം തന്നെ കൊച്ചിയിലെത്തിച്ച് ചികിത്സ നൽകും. ആസ്റ്റർ മെഡ്‌സിറ്റി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാരായ ഡോ. ബിജേഷ് വി, ഡോ. അന്നു എന്നിവരും ക്യാമ്പിന്റെ ഭാഗമായിരുന്നു. ആസ്റ്റർ മെഡ്സിറ്റിയോട് ചേർന്നുള്ള കായലിൽ ഒരു ബോട്ട് സവാരിയും നടത്തിയ ശേഷമാണ് ചികിത്സ പൂർത്തിയാക്കിയ ആറ് കുട്ടികൾ മടങ്ങിപ്പോയത്.

Leave a Reply

Your email address will not be published. Required fields are marked *