മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കുട്ടികളെ കണ്ടെത്തി
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ യാത്ര തുടരുകയാണ്.
താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ഉച്ചമുതലാണ് കാണാതായത്. പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരും ബുധനാഴ്ചയിലെ പരീക്ഷയും എഴുതിയിട്ടില്ല.
സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിയുന്നത്. പരീക്ഷയ്ക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പെൺകുട്ടികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നിട്ടുണ്ട്. എടവണ്ണ സ്വദേശിയുടെ പേരിലാണ് സിം കാർഡ്, എന്നാൽ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണെന്നും താനൂർ എസ്എച്ച്ഒ ജോണി ജെ മറ്റം പറഞ്ഞു. പെൺകുട്ടികളുടെ ഫോൺ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോട് വെച്ച് ഓണായിരുന്നു.