നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം; അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്‌സിറ്റി

Spread the love

കൊച്ചി, , 27-02-2025: നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻവലിക്കുകയും ചെയ്തു. ആദ്യത്തെ ഏതാനും നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ശരീരം മുഴുവൻ മരവിപ്പ്. യന്ത്രത്തിനുള്ളിൽപ്പെട്ട കൈയിൽ നിന്ന് അസാധാരണമായ ഒരു തണുപ്പ് അരിച്ചുകയറുന്നത് പോലെ. ആ തണുപ്പിന് പിന്നാലെ നീറിപ്പുളയുന്ന ഒരു വേദന വലംകൈയിൽ നിന്ന് നെഞ്ചിലേക്ക് പടരുന്നത് മനോജ് തിരിച്ചറിഞ്ഞു. വലംകൈയിലൂടെ ശക്തമായി രക്തം പുറത്തേക്ക് ഒഴുകുന്നതും തൻ്റെ കൈപ്പത്തി അറ്റുപോയ നിലയിൽ കിടക്കുന്നതും മാത്രം കണ്ടതോർമയുണ്ട്. അപ്പോഴേക്കും ബോധം മറഞ്ഞു.

കട്ടിയേറിയ ലോഹങ്ങൾ വെട്ടിമുറിക്കുന്ന അതേ മൂർച്ഛയോടെയാണ് മനോജിന്റെ വലതുകൈപ്പത്തി യന്ത്രം മുറിച്ചുമാറ്റിയത്. അപകടം നടന്നയുടൻ ആദ്യം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒട്ടും സമയം കളയാതെ വിദഗ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് കൊണ്ടുപോകാൻ അവിടുത്തെ ഡോക്ടർമാർ നിർദേശിച്ചു. ഏതാണ്ട് 45 മിനിറ്റിനുള്ളിൽ മനോജിനെ ആസ്റ്റർ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗത്തിലെ ത്തിച്ചത് ഏറെ ഗുണം ചെയ്തു. ഓരോ മിനിറ്റും അത്രമേൽ വിലപ്പെട്ടതായിരുന്നു. അപ്പോഴേക്കും അറ്റുപോയ വലംകൈത്തണ്ടയിൽ നിന്ന് ധാരാളം രക്തം നഷ്ടമായിരുന്നു. ബോധത്തിനും അബോധത്തിനുമിടയിൽ നിലകിട്ടാതെ പുളയുകയായിരുന്ന മനോജിന്റെ മാനസികാവസ്ഥ അതിലേറെ ഭയാനകമായിരുന്നു.

എമർജൻസി വിഭാഗത്തിൽ രോഗിയുടെ ആരോഗ്യനില നിയന്ത്രണവിധേയമാക്കിയതിനുശേഷം. പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ഏസ്തെറ്റിക് സർജറി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ഡോ. മനോജ് സനാപ്പ് അറ്റുപോയ കൈപ്പത്തിയുടെ ഭാഗങ്ങൾ സസൂക്ഷ്മം വേർപ്പെടുത്തുകയും, പിന്നീടുള്ള ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രിട്ടിക്കൽ കെയർ ആൻഡ് പെയിൻ മാനേജ്‌മെന്റ് വിഭാഗത്തിലെ ഡോ. അരിൽ എബ്രഹാം അനസ്തേഷ്യക്ക് മേൽനോട്ടം വഹിച്ചു.

ഓർത്തോപീഡിക്സ് വിഭാഗം കൺസൽട്ടൻറ് ഡോ. ശ്യാം ഗോപാൽ, അറ്റുപോയ എല്ലുകൾ തമ്മിൽ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ചു. പിന്നീട് ഡോ. മനോജ് സനാപ്പ്, ഡോ. നിരഞ്ജന സുരേഷ്, ഡോ. ശ്രുതി ടി.എസ് എന്നിവർ ചേർന്ന് കൈപ്പത്തി തിരികെ ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒറ്റനിമിഷം കൊണ്ട് അറ്റുപോയ കൈപ്പത്തി വലംകൈയിൽ തിരികെ പിടിപ്പിക്കാൻ പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് വേണ്ടിവന്നത്. മൈക്രോവാസ്കുലാർ സർജറി എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഞരമ്പുകൾക്കും ധമനികൾക്കും നാഡികൾക്കുമുണ്ടായ തകരാറുകൾ പരിഹരിച്ചു.

ഇത്തരം അപകടങ്ങൾ ആർക്കും സംഭവിക്കാം. ഒട്ടും സമയംകളയാതെ അത്യാധുനിക പ്ലാസ്റ്റിക് സർജറിക്ക് സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ എത്തിക്കാനായാൽ, രോഗിയെ രക്ഷിക്കാനാകുമെന്ന് ഡോ. മനോജ് സനാപ്പ് പറഞ്ഞു. കേവലം സൗന്ദര്യസംരക്ഷണ ഉപാധി എന്നതിലപ്പുറം, ഇത്തരം സന്ദർഭങ്ങളിൽ ഏറെ നിർണായകമായ ഒരു ജീവൻരക്ഷാമാർഗമായി പ്ലാസ്റ്റിക് സർജറി മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

മനോജിനെ നടുക്കിയ അപകടം നടന്നിട്ട് ഇപ്പോൾ മൂന്ന് മാസം പിന്നിട്ടു. 14 ദിവസത്തിനുള്ളിൽ ആശുപത്രിവിട്ട മനോജ് വലംകൈയുടെ ചലനശേഷി പൂർണമായും തിരിച്ചുപിടിക്കാൻ ആസ്റ്റർ മെഡ്‌സിറ്റിയിൽ ഫിസിയോതെറാപ്പി തുടരുകയാണ്. കൃത്യമായ ഇടവേളകളിൽ ആശുപത്രിയിലെത്തി തുടർപരിശോധനകൾക്കും വിധേയനാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *