പുതിയതുറ തീരമേഖല മാലിന്യത്തിൽ മുങ്ങിയതായി പരാതി
സുരേഷ് നെയ്യാറ്റിൻകര [ Reporter]
നെയ്യാറ്റിൻകര: കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ തീരമേഖല മാലിന്യത്തിൽ മുങ്ങിയതായി പരാതി ഉയരുന്നു. തീരത്തെ മണൽ പരപ്പാകെ ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മൊബൈൽ അവശിഷ്ടങ്ങൾ, പഴയ ടി.വി, റേഡിയോ, സി.ഡികൾ, വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പ്ലാസ്റ്റിക്ക് കവറുകൾ, ചാക്കുകൾ, തുണികൾ, ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ ആഹാര അവശിഷ്ടങ്ങളും, അറവ് മാലിന്യങ്ങളും. മാലിന്യങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അതോടൊപ്പം പരിസ്ഥിതി ആഘാതങ്ങൾക്കും വഴിയൊരുക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്രയും ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും മത്സ്യ ബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഇത്തരം മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. പൊഴിമുഖങ്ങൾ വഴിയാണ് കടലിൽ കൂടുതൽ മാലിന്യങ്ങളും എത്തുന്നത്. അതേസമയം കടലിന് ആവശ്യമായ ന്യൂട്രിയൻസ് പൊഴികളിൽ കൂടിയാണ് ലഭിക്കുന്നതും. എന്നാൽ മെഡിക്കൽ വേസ്റ്റും, ഇ വേസ്റ്റുമുൾപ്പെടെയുള്ള മൈക്രോ പ്ലാസ്റ്റിക്കും കടലിൽ എത്തുന്നത് ഗുരുതര ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. തീരത്തെപ്പോഴും വട്ടമിട്ട് പറക്കുന്ന പരുന്തും കാക്കകളും, കൂട്ടത്തോടെ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കൾ, മഴ പെയ്താൽ ആഴ്ചകളോളം റോഡിലെ കുഴികളിലും താഴ്ന്ന പ്രദേശങ്ങളിലും കെട്ടി നിൽക്കുന്ന മലിനജലം ഇതെല്ലാം പുതിയതുറയിലെ സ്ഥിരം കാഴ്ചകളായിക്കഴിഞ്ഞു. റോഡിൽ നിന്നും ചാലുകീറി മലിനജലം കടലിലേക്ക് ഒഴുക്കുന്ന സ്ഥലങ്ങളിൽ മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനസാന്ദ്രതയുടെ കാര്യത്തിൽ ഏഷ്യയിലെ തന്നെ ഒന്നാമത്തെ ഗ്രാമ പഞ്ചായത്തായ കരുംകുളത്തെ തീരമേഖല മാലിന്യം വിളയുന്ന തീരമെന്നാണ് നാട്ടുകാർ കളിയാക്കി പറയുന്നത്. ഇവിടെ മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്. തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്ക് എത്തുന്ന മാംസങ്ങളും പഴക്കമുള്ള അഴുകിയ മീനും കൂട്ടത്തിലുണ്ടാകും. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ തീരത്തെ ആളൊഴിഞ്ഞ സ്ഥലം നോക്കി, കടലിലേക്ക് വലിച്ചെറിയുന്നു. ഇവ തിരയടിച്ച് വീണ്ടും കരയിലെത്തുന്നു. ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പഞ്ചായത്ത് പല പുതിയ പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പഞ്ചായത്തിൽ ഗ്രീൻ ക്ലീൻ പദ്ധതി കൊണ്ടുവന്നിരുന്നു. കരുംകുളം ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കലായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ക്ലീൻ പദ്ധതി. ഹരിത കേരള മിഷൻ പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. മണ്ണിൽ ലയിക്കാത്ത അജൈവ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് സംസ്‌കരിക്കുകയോ റീസൈക്ളിംഗ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ മാലിന്യം ശേഖരിക്കുന്ന ഈ പദ്ധതിയും ഫലപ്രദമായില്ല.