തെലുങ്കാന സംസ്ഥാന ഗാനമാലപിച്ച് യുവാക്കൾ – കേരളീയ ഗാനമാലപിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: നെഹ്രു യുവകേന്ദ്ര സംഘാതൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്തർ സംസ്ഥാന യുവജനവിനിമയ പരിപാടിയിൽ തെലുങ്കാനയിൽ നിന്നുള്ള യുവാക്കൾ ആലപിച്ച തെലുങ്കാന ഗാനത്തിന് പകരം കേരളം എന്ന് തുടങ്ങുന്ന മലയാള ഗാനം ആലപിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിനിമയ പരിപാടിയുടെ സമാപന സമ്മേളനമാണ് മന്ത്രിയുടെ ഗാനത്താൽ ശ്രദ്ധേയമായത്. പ്രകൃതി ഭംഗിയിലും, സാംസ്ക്കാരിക വിനിമയത്തിലും കേരളവും തെലുങ്കാനയും തമ്മിൽ ഒട്ടേറെ സമാനതകളുണ്ടന്നും ഇത്തരത്തിലുള്ള വിനിമയ പരിപാടികൾ യുവാക്കൾക്ക് പരസ്പരം ആശയവിനിമയത്തിനുള്ള വേദിയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യ ത്തെ ഒന്നിപ്പിച്ച് നിർത്തുന്നത് ഈ വൈവിധ്യങ്ങൾ തന്നെയാണ്.
ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ കലാ സാംസ്കാരിക പരിപാടികൾക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ , തെലുങ്കാന പ്രതിനിധികളായ എസ് രാജേന്ദർ ഗൗഡ്, ഗുഗ്ലോത്രി ഭവ്യശ്രീ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു . ഫെബ്രുവരി 21 മുതൽ 25 വരെ സംഘടിപ്പിച്ച പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ് ,അദിലാബാദ് ,ഖമ്മം ,കരിംനഗർ ,മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതി യുവാക്കളാണ് സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത് .പരിപാടിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു. സംഘാംഗങ്ങൾ കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് സെൻ്റർ, പദ്മനാഭസ്വാമി ക്ഷേത്രം ,കോവളം ബീച്ച്, മ്യൂസിയം, മൃഗശാല ,പൊന്മുടി ,നെയ്യാർഡാം,കോട്ടൂർ ആനത്താവളം ,ഗീതാഞ്ജലി ആർട്സ് & സ്പോർട്സ് ട്രൈബൽ ക്ലബ് തുടങ്ങിയവയും സന്ദർശിച്ചു. തെലങ്കാനയിൽ വച്ച് ഈ മാസം 27 മുതൽ മാർച്ച് 3 വരെ നടക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളത്തിൽ നിന്നും 27 യുവതീ യുവാക്കൾ ഇന്ന് യാത്ര പുറപ്പെട്ടു .