വെഞ്ഞാറമൂട് കൂട്ടക്കൊല: ചുറ്റിക കൊണ്ടുള്ള ഇടിയില്‍ ഷമിയുടെ മുഖത്ത് മുറിവും പൊട്ടലും; പ്രതിയുടെ മാതാവിന്റെ മൊഴിയെടുക്കുന്നത് വൈകും
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയുടെ മാതാവ് ഷമിയുടെ മൊഴിയെടുക്കുന്നത് വൈകും. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഷമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തില്ല. ഷമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ സംസാരിക്കാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
72 മണിക്കൂര്‍ കഴിയാതെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പോലീസിനോട് വ്യക്തമാക്കി. നാളെ മൊഴിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ചുറ്റിക കൊണ്ടുള്ള ഇടിയില്‍ ഷമിയുടെ മുഖത്ത് മുറിവും പൊട്ടലുമുണ്ട്. പ്രതി അഫാന്റെ മൊഴിയും നാളെയായിരിക്കും രേഖപ്പെടുത്തുക.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പ്രതി അഫാൻ്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പൊലീസ് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സൈബർ പൊലീസിന് അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്.
കൂട്ട ആത്മഹത്യക്ക് ശ്രമം നടത്തിയിരുന്നു എന്ന് അഫാൻ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതടക്കം സോഷ്യൽമീഡിയയിൽ തെരഞ്ഞിരുന്നോ എന്നുള്ളതാണ് പൊലീസ് പരിശോധിക്കുക. അഫാൻ്റേയും ഷെമിയുടെയും ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് വേണ്ടി കൈമാറിയിട്ടുണ്ട്. അഫാൻ്റെ മൊഴി ഇന്നും രേഖപ്പെടുത്തിയേക്കും.
സാമ്പത്തിക ബാധ്യതയെ തുടർന്ന് തങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നാണ് അഫാൻ പൊലീസിന് ഇന്നലെ മൊഴി നൽകിയത്. ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും അഫാൻ പൊലീസിനോട് പറഞ്ഞു.
“ഞാൻ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞു. തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചു.ഉമ്മ മരിച്ചില്ല.തുടർന്ന് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു. തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തി.പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ല.”- പ്രതി പറഞ്ഞു.
അച്ഛൻറെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നുണ്ട്. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും താൻ സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അഫ്നാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.