സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബർ; ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം തേടി
ഒരു ദിവസത്തെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബർ. സമര തീയതി പിന്നീട് തീരുമാനിക്കും. അന്ന് സിനിമാ മേഖല സ്തംഭിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു.
സിനിമാ വ്യവസായം പ്രതിസന്ധിയിലാണ്. സിനിമാ സമരം നടത്താനുള്ള തീരുമാനം അറിയിച്ച് നിര്‍മാതാക്കളുടെ സംഘടന കത്തയച്ചിരുന്നു. അക്കാര്യം ഫിലിം ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ചേംബറിന്റെ വിഷയമല്ല. ഒരു താരവും അവിഭാജ്യ ഘടകമല്ലെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് ചേംബര്‍ വിശദീകരണം തേടി. എഫ് ബി പോസ്റ്റ് പിന്‍വലിക്കണമെന്ന് നിർദേശിച്ചു. സുരേഷ് കുമാറിനെതിരെ എഫ് ബി പോസ്റ്റിട്ടത് ശരിയായില്ലെന്നും ചേംബർ വിലയിരുത്തി. അതിനിടെ, സിനിമാ സമരത്തെ പിന്തുണക്കില്ലെന്ന് താരസംഘടന എ എം എം എ തീരുമാനിച്ചു. വേതന പ്രശ്നത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സംഘടന അറിയിച്ചു.