കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനം

Spread the love

കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ആന ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു.

ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരം ആനകള്‍ തമ്മിലും, ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം.

ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിര്‍ദ്ദേശിച്ചു.

എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ, കോഴിക്കോട് സിറ്റി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ സായൂജ്, ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്‌റഫ് അലി, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സജീവ് എം പി, ദിവ്യ കെ എന്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. നിഷ അബ്രഹാം, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഇബ്രായി എന്‍ കെ, വിജയകുമാര്‍ എം സി, ബിജേഷ് എന്‍, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി പ്രതിനിധി രസ്ജിത്ത് ശ്രീലകത്ത്, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധി വിവേക് കെ വിശ്വനാഥ്, ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി നവജ്യോത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *