ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ടാറ്റയുടെ നാനോ EV; പ്രത്യേകതകൾ അറിയാം
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണ്. നിലവിൽ രാജ്യത്ത് ലഭ്യമാകുന്ന ഇലക്ട്രിക് കാറുകളിൽ ഏറ്റവും കുറഞ്ഞ മോഡലുകൾക്ക് പത്ത് ലക്ഷത്തോളമോ അതിലേറെയോ വില വരുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഇപ്പോഴും ഇലക്ട്രിക് കാറുകൾ അപ്രാപ്യമാണ്. ഈ സാഹചര്യത്തിലാണ് ഒരു കാലത്ത് രാജ്യത്തെ വാഹനവിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റ നാനോയുടെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്നത്. നാനോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്… സിറ്റി ഡ്രൈവ് അനായാസമാക്കുമെന്ന ഉറപ്പും മികച്ച ഇന്ധനക്ഷമതയും കമ്പനി മുന്നോട്ടുവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
ഒട്ടേറെ അത്യാധുനിക സാങ്കേതികവിദ്യകൾ നാനോ ഇവി കാറിലുണ്ടാകും. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, വോയിസ് കമാൻഡ്, ഓവർ ദ-എയർ സോഫ്റ്റ് വെയർ അപ്ഡേറ്റ്സ്, ഡ്രൈവർ അസിസ്റ്റന്‍റ് സിസ്റ്റംസ് എന്നിവയും നാനോ ഇവിയിൽ ഉണ്ടാകും.
സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് നാനോ ഇവി മുൻനിർത്തി ടാറ്റ മോട്ടോഴ്സ് ഒരിക്കൽകൂടി വ്യക്തമാക്കും. ഒന്നിലേറെ എയർബാഗുകൾ, എബിഎസ്, ഇ.എസ്.സി തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ ഈ കാറിലുണ്ടാകും.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ആയിരിക്കും നാനോ. കോളേജ് വിദ്യാർഥികൾ, ആദ്യമായി കാർ വാങ്ങുന്നവർ, സിറ്റി യാത്രക്കാർ എന്നിവരെയാകും നാനോ ഇവി കൂടുതലായി ലക്ഷ്യമിടുക. പ്രീമിയം ഇരുചക്രവാഹനങ്ങളുടെ വിലയിൽ ഇലക്ട്രിക് കാർ വാങ്ങാനാകുമെന്നതാണ് മറ്റൊരു സവിശേഷത.
നാനോ ഇവിയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ടാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ കമ്പനിയുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച്, 17-24 KWH ബാറ്ററി ഓപ്ഷനായിരിക്കും നാനോ ഇവിയ്ക്ക് ഉണ്ടാകുക. ഇതിന് ഒറ്റ ചാർജിൽ 200 മുതൽ 250 കിലോമീറ്റർ വരെ റേഞ്ച് നൽകാനാകും. ഒന്നര മണിക്കൂർ ഫാസ്റ്റ് ചാർജിങ് ഓപ്ഷനും ഈ വാഹനത്തിൽ ലഭ്യമാകും. സാധാരണ ചാർജിങ്ങിന് 6-7 മണിക്കൂർ ആയിരിക്കും എടുക്കുക.