കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ

Spread the love

കൊച്ചി: കാര്‍ മാര്‍ഗം ലണ്ടന്‍ ടു കേരള യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു. ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിലാണ് സ്പീക്കര്‍ ആയി പങ്കെടുക്കുന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകള്‍ ഒട്ടനവധിയാണ്.

തൻ്റെ ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ല്‍പ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്തു. ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് പറയുന്നു.ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്. നമ്മുടെ ചിന്തകള്‍ക്ക് പുതിയമാനം നല്‍കുവാന്‍ യാത്രകള്‍ക്കാകും എന്നും രാജേഷ് പറയുന്നു. മനസില്‍ നല്‍കാവുന്ന ഏറ്റവും നല്ല ഔഷധമാണ് ഉല്ലാസയാത്രകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ നടത്തിയ മനോഹരയാത്രകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് വായനക്കാര്‍ക്ക് കുളിര്‍മയേകുന്ന യാത്രാനുഭവം സമ്മാനിക്കുന്നതിനായി രാജേഷ് പുസ്തകവും പുറത്തിറക്കുന്നുണ്ട്.

യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചര്‍ച്ച ചെയ്യുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ഡി.സി ബുക്‌സാണ്. ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ വെച്ചാണ് നടക്കുന്നത്. യാത്ര കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതും എന്ന സെഷനില്‍ രാജേഷിനെ കൂടാതെ, സുജിത് ഭക്തന്‍, ബാബു പണിക്കര്‍ എന്നിവരും പങ്കെടുക്കും. ഹണി ഭാസ്‌കരനാണ് മോഡറേറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *