41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനം
നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് 12 നും 12.30 ഇടയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡലപൂജ നടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
ഇന്നലെ (ഡിസംബര്‍ 25) പമ്പയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തിച്ചേര്‍ന്നിരുന്നു. സോപാനത്തെത്തിയ തങ്ക അങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വി?ഗ്രഹത്തില്‍ ചാര്‍ത്തി. പിന്നാലെ ദീപാരാധന നടന്നു. ഇതിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചു.
ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി.
സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.