അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് : തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തുന്നു
ചെന്നൈ: അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്നു. തമിഴ്നാട്ടിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ദർശനം നടത്തുക. നാളെയും മറ്റന്നാളുമായിട്ടാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ എത്തുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്കോടിയിലെ കോതണ്ഡ രാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക.ജനുവരി 20-ന് രാവിലെ 11 മണിക്ക് തിരിച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തുന്നതാണ്. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന കമ്പ രാമായണശ്ലോക പാരായണത്തിലും പങ്കെടുക്കും. അന്നേദിവസം 2 മണിയോടെ രാമേശ്വരത്ത് എത്തുകയും ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും. 21-ന് പ്രധാനമന്ത്രി ധനുഷ്കോടിയിലെ കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തുന്നതാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലും, തൃപ്രയാർ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.