തൊടുപുഴ ഷെഫീഖ് വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി

Spread the love

തൊടുപുഴ ഷെഫീഖ് വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണല്‍ കോടതി. ഷെഫീഖിന്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ് ഐപിസി 324 ഗുരുതര പൊള്ളല്‍ ഏല്‍പിക്കല്‍, 326 ഗുരുതര പരിക്കേല്‍പിക്കല്‍, 323 സ്വമേധയാ ഉണ്ടാക്കുന്ന വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തു.

ഷെഫീഖിന്റെ രണ്ടാനമ്മയും രണ്ടാം പ്രതിയുമായ അനീഷയ്‌ക്കെതിരെ ഈ മൂന്ന് വകുപ്പുകള്‍ക്ക് പുറമേ 307 വധശ്രമവും കണ്ടെത്തി. കേസില്‍ ജഡ്ജി ആഷ് കെ ബാല്‍ ഉടന്‍ വിധി പറയും. 2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. കുട്ടി അബോധാവസ്ഥയിലായപ്പോഴാണ് പ്രതികള്‍ ഷെഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതോടെയാണ് നാളുകള്‍ നീണ്ട ക്രൂരമര്‍ദനം പുറം ലോകം അറിയുന്നത്.

മര്‍ദ്ദനമേറ്റ പാടുകളും പട്ടിണി കിടന്ന് എല്ലും തോലുമായ ശരീരവുമായി അഞ്ചുവയസ്സുകാരന്‍ ഷഫീഖിനെ 2013 ജൂലൈ 15 നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഓടിക്കളിച്ചപ്പോള്‍ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്.

തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം നിലച്ചതും തുടര്‍ച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്ക് മരിച്ചുവെന്ന് തന്നെ വിധിയെഴുതി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനേറ്റ പരുക്ക് കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചു. കുമളി പൊലീസ് 2013 ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2022 ലാണ് വാദം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *