ശ്വാനസേനയിലെ മികവിനുളള മെഡല്‍ ഓഫ് എക്സലന്‍സ് പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി വെളളിയാഴ്ച വിതരണം ചെയ്യും
കേരള പോലീസിന്‍റെ കെ 9 സ്ക്വാഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് നായ്ക്കള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കും നല്‍കുന്ന മെഡല്‍ ഓഫ് എക്സലെന്‍സ് പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വെളളിയാഴ്ച വിതരണം ചെയ്യും. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെ വിവിധ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 10 പോലീസ് നായ്ക്കള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കുമാണ് മെഡലുകളും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.ആലപ്പുഴ കെ9 യൂണിറ്റിലെ സച്ചിന്‍, കോട്ടയം ജില്ലയിലെ ബെയ്ലി, ചേതക്, തൃശൂര്‍ സിറ്റിയിലെ ജിപ്സി, തൃശൂര്‍ റൂറല്‍ ഡോഗ് സ്ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്, കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ 9 യൂണിറ്റിലെ രാഖി, കാസര്‍ഗോഡ് ജില്ലയിലെ ടൈസണ്‍ എന്നിവയാണ് പുരസ്കാരത്തിന് അര്‍ഹരായ പോലീസ് നായ്ക്കള്‍.ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട സച്ചിന്‍, ബെല്‍ജിയം മെലിനോയിസ് ഇനത്തില്‍പ്പെട്ട ചേതക്, ജിപ്സി, സ്റ്റെല്ല, ടൈസണ്‍, ഡോബര്‍മാന്‍ ഇനത്തിലെ റോക്കി എന്നിവ ക്രൈം സീന്‍ ട്രാക്കര്‍ നായകളാണ്. കൊലപാതകം, മോഷണം, കാണാതാകല്‍ തുടങ്ങി വിവിധ കേസുകളുടെ അന്വേഷണത്തില്‍ കാണിച്ച മികവാണ് ഇവയെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിശീലനം ലഭിച്ച നായ്ക്കളാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബെയ്ലിയും ബെല്‍ജിയം മെലിനോയിസ് ഇനത്തില്‍പ്പെട്ട ബ്രൂട്ടസും. ഹരിയാനയില്‍ നടന്ന നാഷണല്‍ ജോയിന്‍റ് കൗണ്ടര്‍ ഐ.ഇ.ഡി എക്സര്‍സൈസ് – അഗ്നിശമന്‍ 5 ല്‍ ആദ്യമായി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി കേരളാ പോലീസിന്‍റെ അഭിമാനമായ നായ്ക്കളാണ് ഇവ. ലഹരിവസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കുന്നതില്‍ മിടുക്കനാണ് ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട റാണ. ആല്‍ക്കഹോളിക് സ്നിഫര്‍ ആയ ലാബ്രഡോര്‍ ഇനത്തിലെ രാഖി അനധികൃതമായി സൂക്ഷിച്ച വിദേശമദ്യം, വാഷ് എന്നിവ കണ്ടെത്തി നിരവധി തവണ മിടുക്ക് തെളിയിച്ചിട്ടുണ്ട്.