ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി

Spread the love

ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സമരത്തിന്റെ പേരില്‍ തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലന്ന് കോടതി വ്യക്തമാക്കി.

തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നേരത്തേ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നു. തീര്‍ഥാടന കാലയളവില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പാടില്ലെന്നും സന്നിധാനത്തും പമ്പയിലും നിയന്ത്രണം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സമരങ്ങള്‍ തീർഥാടകരുടെ ആരാധന അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ ഡോളി സമരവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഡോളികള്‍ക്ക് പ്രീ പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചതാണ് കോടതി ഇടപെടലിന് കാരണം.

ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലൂടെ ഡോളി തൊഴിലാളികള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ രേഖാമൂലം നല്‍കുന്നതിന് എ.ഡി.എം. നിര്‍ദേശം നല്‍കി. പൊലീസ്, എ.ഡി.എം. എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്ന് എ.ഡി.എം. തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *