പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍

Spread the love

സിനിമാ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. അതേസമയം, പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പണത്തിന്‍റെ ഉറവിടം അന്വേഷിക്കും.

സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്.

ഇതുമായി ബന്ധപ്പെട്ട് സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *