കുവൈത്തിൽ പുതിയ റസിഡൻസി നിയമം പ്രാബല്യത്തിലേക്ക്..

Spread the love

കുവൈത്ത് മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു സൂചന. നിയമം അനുസരിച്ച്, അനധികൃത വിസ ഉപയോഗിച്ച് രാജ്യത്ത് കച്ചവടം നടത്തുന്നവർക്ക് 5 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും ലഭിക്കും. കൂടാതെ പുതിയ നിയമപ്രകാരം, പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പ്രവാസികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള പൂർണ അധികാരം നൽകും. സന്ദർശക വിസയിൽ വരുന്നവരെ കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കുകയുള്ളൂ. മാത്രവുമല്ല, നിശ്ചിത കാലാവധിക്കുള്ളിൽ രാജ്യം വിടൽ നിർബന്ധമാണെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

താൽക്കാലിക റസിഡൻസി പെർമിറ്റുകൾ മൂന്ന് മാസത്തേക്ക് മാത്രമാണെങ്കിലും, ആവശ്യമെങ്കിൽ, ഒരു വർഷം വരെ ഇത് നീട്ടാവുന്നതാണ്. പ്രവാസികൾക്ക് അഞ്ചു വർഷം വരെ സ്ഥിര താമസാനുമതി നൽകാനുള്ള വ്യവസ്ഥകളും പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നയതന്ത്രജ്ഞർ, രാഷ്ട്രത്തലവന്മാർ, മറ്റ് നിർദ്ദിഷ്ട വ്യക്തികൾ എന്നിവരെ ചില റെസിഡൻസി നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായാണ് റസിഡൻസി നിയമങ്ങൾ പുതുക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *