‘പ്രതീക്ഷിച്ച പോലെയാണ് ലീഡ്; ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും’: യു ആര്‍ പ്രദീപ്
ചേലക്കര മണ്ഡലത്തില്‍ ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ മികച്ച ലീഡില്‍ മുന്നിട്ടു നില്‍ക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ്. ഇപ്പോഴിതാ ലീഡിൽ മുന്നിട്ടു നിൽക്കുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് യു ആര്‍ പ്രദീപ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത് എന്നും അത് വീണ്ടും ആവര്‍ത്തിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.
ചേലക്കരയിൽ 11936 വോട്ടിനു മുന്നിലാണ് യു ആർ പ്രദീപ് .കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ ലീഡ് കാണിക്കുന്നത്.
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത് കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട് ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.