മഹാ കുംഭമേള ഇന്ന് സമാപിക്കും
ഉത്തർപ്രദേശിലെ മഹാ കുംഭമേള ഇന്ന് അവസാനിക്കും. 63 കോടിയിൽ അധികം പേരാണ് ഇത്തവണ മഹാ കുംഭമേളയിൽ എത്തിച്ചേർന്നതെന്നാണ് യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
ശിവരാത്രി ദിനമായ ഇന്ന് പ്രത്യേക സ്നാനത്തിനായി തീർത്ഥാടകർ ഒഴുകിയെത്തും. ശിവരാത്രി ദിനത്തിലെപ്രധാന സ്നാനത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും യുപി സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളിൽ സമ്പൂർണ്ണ പരാജയമായിരുന്നു ബിജെപി സർക്കാരിന്റേത്. തിക്കിലും തിരക്കിലും പെട്ട നിരവധി പേർക്ക് ജീവൻ പൊലിഞ്ഞു. ടെന്റുകളിൽ ഉണ്ടായ തീപിടുത്തത്തിലും വലിയ നാശനഷ്ടമാണ് ഉണ്ടായത്. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിലെ അപകടവും സുരക്ഷാക്രമീകരണങ്ങളുടെ വൻ വീഴ്ചയായിരുന്നു.
ഗംഗാനദിയിലെ ജലമലിനീകരണവുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് ബിജെപി സർക്കാരിനെ വെട്ടിലാക്കി. അതേസമയം കുംഭമേള ക്രമീകരണങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തെ കഴുകന്മാർ എന്ന് വിശേഷിപ്പിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.