തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി. കൃഷ്ണകുമാർ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിൽ പത്തോളം പേരുടെ അറസ്റ്റ് തമിഴ്‌നാട് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിബി സിഐഡിയോട് കേസ് ഫയലുകൾ സിബിഐക്ക് എത്രയും വേഗം കൈമാറാനും അന്വേഷണത്തിൽ സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു. അന്വേഷണം സിബിഐ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ജൂലൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ, ഹോസ്റ്റൽ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.