കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി

Spread the love

കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈത്തില്‍ നടന്ന സാരഥിയുടെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്.

നിലവില്‍ 11 വീടുകളുടെ നിര്‍മാണം സാരഥി സ്വപ്നവീട് പദ്ധതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് വീടുകള്‍ കൂടി ചേര്‍ത്ത് 15 വീടുകള്‍ സാരഥീയം കൂട്ടായ്മയും പത്ത് വീടുകള്‍ യൂസഫലിയും നല്‍കുന്നതോടെ 25 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങും. സില്‍വര്‍ ജൂബിലി ആഘോഷത്തൊടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കുവൈത്ത് സാരഥിയുടെ പരമോന്നത ബഹുമതിയായ ഗുരുദേവ സേവാരത്‌ന അവാര്‍ഡ് ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമി യൂസഫലിക്ക് നല്‍കി ആദരിച്ചു. മാനുഷിക സേവനരംഗത്ത് യൂസഫലി നല്‍കുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.

മനുഷ്യരെ സേവിക്കാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും മനുഷ്യസ്‌നേഹത്തിനും ധര്‍മത്തിനും വേണ്ടി ഉത്‌ബോധിപ്പിച്ച ലോകഗുരുവാണ് ശ്രീനാരായണഗുരുവെന്ന് യൂസഫലി പറഞ്ഞു. സ്വപ്നവീട് പദ്ധതിയില്‍ നിര്‍മിച്ച 11ാം വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ നിര്‍വഹിച്ചു. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ച് കുട്ടികള്‍ക്കുള്ള പഠനസഹായവും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *