കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏതുവിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ സമീപനമെന്നും, ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കക്ഷി- രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ നടപടിക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.‘കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. നടപ്പു വര്‍ഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്. എന്നാല്‍ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റി ഇനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വര്‍ഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിത്.കേരളത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. നേരത്തെ, 32,500 കോടിരൂപ വായ്പയെടുക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി നല്‍കിയത്. കേരളം ആവശ്യപ്പെട്ടതിനേക്കാള്‍ 17,110 കോടി കുറച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാല്‍ 7610 കോടിയുടെ കുറവ്. കേന്ദ്ര സര്‍ക്കാര്‍ വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല’, ധനമന്ത്രി പറഞ്ഞു.