ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം

Spread the love

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിദ്ദിഖിനെ കുറ്റവിമുക്തനാക്കുകയല്ലെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസില്‍ പരാതി നല്‍കുന്നതിലെ കാലതാമസമാണ് സിദ്ദിഖിന് ഇടക്കാല ആശ്വാസമായത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം, അറസ്റ്റ് ചെയ്താല്‍ വിചാരണക്കോടതിയുടെ ഉപാധികള്‍ക്ക് വിധേയമായി ജാമ്യം നല്‍കണം തുടങ്ങീ നിബന്ധനകളും മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിലുണ്ട്. പരാതി നല്‍കാന്‍ എട്ട് വര്‍ഷം കാലതാമസം ഉണ്ടായി എന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ പ്രധാന വാദം. താരസംഘടനയായ അമ്മയിലെ ഭാരവാഹിയാണ് സിദ്ദിഖ്. പരാതിക്കാരി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് മുന്‍ ഭാരവാഹിയാണ്. ഇരുസംഘടകളും തമ്മിലുളള സംഘര്‍ഷവും പരാതിക്ക് കാരണമായെന്ന് സിദ്ദിഖ് വാദിച്ചു.

2016 ല്‍ നിള തിയേറ്ററില്‍ സിനിമാ പ്രിവ്യൂ കാണാന്‍ പരാതിക്കാരിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നതായി മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതിയില്‍ പറയുന്നതിനനുസരിച്ച് സിദ്ദിഖും ഇരയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ രഞ്ജിത് കുമാര്‍ വാദിച്ചു. പീഡനത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും കരിയര്‍ നശിക്കുമെന്ന ഭയത്താലാണ് അന്ന് പരാതി നല്‍കാത്തതെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവറും വാദിച്ചു. എന്നാല്‍ 2018ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ ധൈര്യം കാണിച്ച പരാതിക്കാരി എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്ന് സുപ്രീംകോടതി ചോദിച്ചു.

കേരള സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മിറ്റി മുമ്പാകെയും പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ല. 2016ല്‍ നടന്ന സംഭവത്തില്‍ 2024ല്‍ മാത്രമാണ് പരാതി നല്‍കിയതെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. സിദ്ദിഖിനെ കുറ്റവിമുക്തനാക്കുകയല്ല, മുന്‍കൂര്‍ ജാമ്യം മാത്രമാണിതെന്നും ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയെ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *