ശിശുദിന റാലിയിൽ വെള്ളായണി ലിറ്റിൽ ഫ്ളവർ സ്കുളിന് ഒന്നാം സ്ഥാനം
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിശുദിന റാലിയിൽ നേമം വെള്ളയാണി ലിറ്റിൽ ഫ്ലവർ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി എവർ റോളിംഗ് കീരീടം നിലനിർത്തി. തുടർച്ചയായി 16-ാം വർഷമാണ് ഈ സ്ക്കൂൾ ഒന്നാം സ്ഥാനത്ത് എത്തുന്നത്. രണ്ടാം സ്ഥാനം തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു. പേരൂർക്കട ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മുന്നാം സ്ഥാനം കരസ്ഥമാക്കി.
രാവിലെ 8.30-ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ ഫ്ളാഗ് ഓഫ് ചെയ്തു. ചരിത്രത്തിൽ ആദ്യമായി കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുത്ത പെൺകുട്ടികളാണ് റാലി നയിച്ചത്. പഞ്ചവാദ്യം, കുതിര പൊലീസ്, പൊലീസ് ബാന്റ്, സ്റ്റുഡൻസ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി എന്നിവർ അകമ്പടി സേവിച്ചു. പതിനയ്യായിരം കുട്ടികളാണ് രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലിയിൽ പങ്കെടുത്തത്.
സ്റ്റുഡൻസ് പൊലീസ്, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവർ മാത്രം നാലായിരത്തിൽ പരം കുട്ടികൾ തിരുവനന്തപുരത്ത് പങ്കെടുത്തു. ശിശുദിന പ്ലക്കാർഡുകൾ, ബാലസൗഹൃദ പ്ലക്കാർഡുകൾ, ബാന്റ്, ഡ്രിൽ പ്ലോട്ടുകൾ എന്നിവ റാലിയിൽ അണി ചേർന്നു. ആദ്യമായി വിവിധ ഹോമുകളിൽ താമസിക്കുന്ന കുട്ടികളും ഇത്തവണ റാലിയുടെ ഭാഗമായി.
റാലി കനകകുന്ന് നിശാഗന്ധിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ബഹിയ ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമാന ഫാത്തിമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ സ്പീക്കർ നിധി പിഎ മുഖ്യ പ്രഭാഷണം നടത്തി. ആൻ എലിസബത്ത് വിഎസ് സ്വാഗതവും ആൽഫിയ മനു നന്ദിയും പറഞ്ഞു. മുഖ്യമന്തിയുടെ ശിശുദിന സന്ദേശം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വായിച്ചു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ശിശുദിന സന്ദേശം നൽകി.
ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, വി ജോയി എംഎൽഎയ്ക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. തുടർന്ന് സ്റ്റാമ്പ് വരച്ച കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കന്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി തന്മയ വിയ്ക്കും സ്ക്കൂളിനും പുരസ്ക്കാരങ്ങളും ട്രോഫിയും വിതരണം ചെയ്തു. മന്ത്രി വീണാ ജോർജ്ജിന് പുറമെ എംഎൽഎ മാരായ വി ജോയി, വികെ പ്രശാന്ത് എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.