18 വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കണ്ട് ഉമ്മ
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിര്‍വഹിച്ച ശേഷമാണ് പതിനെട്ടുവര്‍ഷത്തിനുശേഷം മകനെ കാണാന്‍ ഫാത്തിമ റിയാദിലെ ജയിലിലെത്തിയത്.
റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ വച്ചായിരുന്നു ആരുടെയും കണ്ണ് നനയിക്കുന്ന വൈകാരിക കൂടിക്കാഴ്ച. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമാണ് സൗദിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്നത്.
ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ റഹീം വിസമ്മതിച്ചിരുന്നു. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തതുകൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അറിയിച്ചത്.ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും. ഉമ്മയുടെ മനസില്‍ ഇന്നും 18 വര്‍ഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്റെ മുഖമായിരിക്കുമെന്നും അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിച്ചതെന്നുമായിരുന്നു റഹീം സുഹൃത്തുക്കളെ അറിയിച്ചത്.
ഹൗസ് ഡ്രൈവര്‍ വിസയില്‍ 2006 നവംബറിലാണ് റഹിം റിയാദിലേക്ക് പോയത്. അതേ വര്‍ഷം മനപ്പൂര്‍വമല്ലാത്ത കൈപ്പിഴ മൂലം സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ 15കാരന്‍ മരിക്കാനിടയായി. 34 കോടി ദയാധനം നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി ബാലന്റെ കുടുംബം സമ്മതിച്ചത്. ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.