ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തി

Spread the love

കേരളത്തിലെ ഭൂപരിഷ്‌ക്കരണവും പുരോഗമന പ്രസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ചക്ക് അടിത്തറ പാക്കിയതായി ‘ക്ഷേമവും വളര്‍ച്ചയും: ഭാവിയിലേക്കുള്ള സാമ്പത്തിക ബദലുകള്‍’ എന്ന വിഷയത്തില്‍ മാസ്‌കോട് ഹോട്ടലില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനായി കൂടുതല്‍ ജനക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കണം. വയോജന പരിപാലനം, പരിസ്ഥിതി പരിപാലനം എന്നിവയാണ് വികസന രംഗത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഈ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും കേരളം ഇന്ന് നേരിടേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക രംഗത്തെ നിലപാടുകള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, സഹകരണ, തദേശസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സമ്പന്നമായ മാനുഷികവും പ്രകൃതിദത്തവുമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച്, സാമ്പത്തിക പരിമിതികള്‍ പരിഹരിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന വികസന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുന്ന ഒരു പാത രൂപപ്പെടുത്താന്‍ കേരളത്തിനു കഴിയുമെന്നും സെമിനാറില്‍ അഭിപ്രായമുണ്ടായി. മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) മാത്രം അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അളക്കാനാവില്ലെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ 40 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. സാമൂഹ്യക്ഷേമത്തില്‍ ഊന്നിയുള്ള സാമ്പത്തിക വളര്‍ച്ച എന്ന കേരള മോഡല്‍ വികസനം ഏറെ പ്രശംസയര്‍ഹിക്കുന്നു. വികസന രംഗത്ത് മുന്നോട്ടു പോവാന്‍ സംസ്ഥാനത്തെ കാര്‍ഷിക, പൊതുവിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളും അധികാര വികേന്ദ്രീകരണ മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികച്ച മുന്നേറ്റം കൈവരിക്കാനായാല്‍ സ്വയം തന്നെ നാടിന്റെ വളര്‍ച്ച ത്വരിതപ്പെടുമെന്ന് മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ചെയര്‍മാനും ആര്‍.ബി.ഐ മുന്‍ ഗവര്‍ണറുമായ സി. രംഗരാജന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ കാര്യത്തിലും തൊഴില്‍ ഉറപ്പു വരുത്തുന്ന കാര്യത്തിലും കേരളം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ മുന്‍ പ്രൊഫസറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ പ്രഭാത് പട്‌നായിക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മത നിരപേക്ഷതയും ജനങ്ങളുടെ സൗഹാര്‍ദവും അട്ടിമറിക്കുകയാണെന്നും ഇതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ അണിനിരക്കേണ്ടതുണ്ടെന്നും അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രൊഫ. വെങ്കിടേഷ് ആത്രേയ, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ സി. വീരാമണി തുടങ്ങിയവരും പാനലിസ്റ്റുകളായിരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ പുനീത് കുമാര്‍ വിഷയാവതരണംനടത്തി.

Leave a Reply

Your email address will not be published. Required fields are marked *