യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം : പോലീസ് ലാത്തി വീശി

Spread the love

മുഖ്യമന്ത്രി രാജിവെക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. അബിനെ ലക്ഷ്യംവെച്ച് പോലീസുകാർ കൂട്ടമായി ആക്രമിക്കുകയായിരുന്ന് കോൺഗ്രസ് ആരോപിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസിൻ്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പോലീസ് നിന്നത്. എന്നാൽ ഏഴ് തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പോലീസ് ലാത്തിവീശിയത്. സിപിഎം പശ്ചാത്തലമുള്ള എസ് ഐയാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വ‍ർക്കി പ്രതികരിച്ചു. ഇവരെ നീക്കം ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അബിൻ വർക്കി പറയുന്നത്. അതേസമയം, അബിൻ വ‍ർക്കിയെ തല്ലിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എംജി റോഡിൽ കുത്തിയിരിക്കുകയാണ്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ബസ്സിൽ കയറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തേക്കിറങ്ങി. നിലവിൽ തലസ്ഥാനത്ത് ഒരു മണിക്കൂറായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *