എ.ഡി.ജി.പി.യെ മാറ്റിയില്ല; ഉന്നതതല അന്വേഷണം മാത്രം, സംഘത്തില്‍ താഴെ റാങ്കിലെ ഉദ്യോഗസ്ഥരും

Spread the love

തിരുവനന്തപുരം: ഭരണകക്ഷി എം.എല്‍.എ. പി.വി. അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ അന്വേഷണം മാത്രം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റി.എഡിജിപിക്കെതിരായഅന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.പൊതു വേദിയില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂര്‍ നീണ്ട അന്തര്‍നാടകങ്ങള്‍ക്കൊടവിലാണ് പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാര്‍ത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആര്‍ അജിത് കുമാര്‍ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോള്‍ അന്വേഷണ സംഘം മാത്രം.എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെയും എസ്.പി. സുജിത് ദാസ് ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടുനല്‍കാനാണ് നിര്‍ദേശം. ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളിലും പരാതികളിലും അന്വേഷണമുണ്ടാകും. ദക്ഷിണമേഖലാ ഐ.ജി.യും തിരുവനന്തപുരം കമ്മിഷണറുമായ ജി. സ്പര്‍ജന്‍കുമാര്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി. എസ്. മധുസൂദനന്‍, തിരുവനന്തപുരം ഇന്റലിജന്‍സ് എസ്.പി. എ. ഷാനവാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.സുജിത് ദാസിനെ തത്സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പകരംനിയമനം നല്‍കിയിട്ടില്ല. പോലീസ് മേധാവിക്കുമുന്നില്‍ റിപ്പോര്‍ട്ടുചെയ്യാനാണ് നിര്‍ദേശം. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 എസ്.പി. വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പി.യായി നിയമിച്ചു.സ്വര്‍ണക്കടത്ത്, കൊലപാതകം, ഫോണ്‍ചോര്‍ത്തല്‍, സോളാര്‍ കേസ് അട്ടിമറി അടക്കം ഗുരുതര ആരോപണങ്ങളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ചത്. ഇതിനുപിന്നാലെ കോട്ടയത്തെ പോലീസ് അസോസിയേഷന്‍ സമ്മേളനവേദിയില്‍ വെച്ചുതന്നെ അജിത്കുമാറിനെതിരേ ഡി.ജി.പി. തലത്തിലുള്ള അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനുമുന്‍പേ പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹേബും മുഖ്യമന്ത്രിയും തമ്മില്‍ നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ച് ചര്‍ച്ചയും നടന്നു.ആരോപണവിധേയനായ എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനവിഭാഗത്തില്‍നിന്നുമാറ്റി അന്വേഷണമുണ്ടാകുമെന്ന സൂചന വന്നുവെങ്കിലും പിന്നീട് അത് മാറി. ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നതിനാലാണ് എ.ഡി.ജി.പി.ക്കുനേരേ പെട്ടെന്ന് നടപടിയുണ്ടാകാത്തതെന്നാണ് വിലയിരുത്തല്‍.ആദ്യദിവസത്തെ ആരോപണത്തിനുപിന്നാലെ എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതിനിടെ വീണ്ടും പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.ആര്‍. അജിത്കുമാര്‍തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായാണ് വിവരം.തിങ്കളാഴ്ച വൈകീട്ട് അടൂരിലെ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നടന്ന കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിനിടെ പോലീസ് മേധാവിയും എം.ആര്‍. അജിത്കുമാറും ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *