സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്

Spread the love

ലണ്ടന്‍: സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വിഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മനസിലാകുന്നത്. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അതംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചു. പിഴ അടയ്ക്കുന്നുവെന്നും മാപ്പ് പറയുകയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 100 പൗണ്ടാണ് (പതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) പിഴയായി ചുമത്തുന്നത്. കേസ് കോടതിയില്‍ പോയാല്‍ ഇത് 500 പൗണ്ടായി ഉയരും.അതേസമയം ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലില്‍ ഡൗണിംഗ് സ്ട്രീറ്റില്‍വച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു.ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ 200 വര്‍ഷത്തിനിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42 കാരനായ ഋഷി.

Leave a Reply

Your email address will not be published. Required fields are marked *