നാളെ കർക്കിടക വാവ്; ; ബലിതർപ്പത്തിന് ഒരുങ്ങി വിശ്വാസികൾ
നാളെയാണ് വാവുബലി തർപ്പണ ദിനം. ഇതോടനുബന്ധിച്ച് ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ’ അനുഷ്ഠിക്കുകയാണ് ഇന്ന് വിശ്വാസികൾ. സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം കഴിച്ചാണ് വിശ്വാസികൾ ഇന്ന് ഒരിക്കൽ എടുക്കുന്നത്.മരിച്ച നക്ഷത്രമനുസരിച്ചും തീയതി അനുസരിച്ചു ശ്രാദ്ധമൂട്ടാറുണ്ട്. ഇതിന് സാധിക്കാത്തവർക്ക് കർക്കിടക വാവ് ദിനത്തിൽ അതുനുള്ള അവസരം ലഭ്യമാകുന്നു. പുലർച്ചെ ആദിത്യന് മുൻപ് ഉണർന്ന് കുളിച്ച് ഈറനോടെ കർമ്മിയുടെ നിർദ്ദേശപ്രകാരം ഭൂമിയിൽ മുട്ടു കുത്തി തർപ്പണ കർമ്മങ്ങൾ നടത്തുന്നു. ശേഷം പിതൃവിനെ സങ്കൽപ്പിച്ച് ബലിക്കാക്കയെ അന്നമൂട്ടുന്നു. കാക്കയെ ഈറൻ കൈകൊട്ടി വിളിച്ചാണ് ബലിച്ചോറ് നൽകുക. ബലിച്ചോറുണ്ട് തൃപ്തിയായി കാക്ക മടങ്ങുമ്പോൾ പരലോകത്തെ പിതൃക്കൾക്ക് സംതൃപ്തിയാകുന്നു എന്നാണ് വിശ്വാസം. ആചാരത്തിനപ്പുറം പ്രകൃതിയെ അറിയുന്ന, അന്നപുണ്യം ജീവജാലങ്ങൾക്ക് നേദിച്ചതിന് ശേഷം മാത്രം സ്വയം ഭക്ഷിക്കുന്ന ഭാരതീയ സംസ്‌കൃതിയുടെ പൂർത്തീകരണം കൂടിയാണ് കർക്കിടക വാവ്.ആലുവ മണപ്പുറം, ശംഖുമുഖം, തിരുമുല്ലവാരം, വർക്കല തുടങ്ങി സംസ്ഥാനത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ ഭക്തർ ബലിതർപ്പണം നടത്തുക. ലക്ഷക്കണക്കിന് പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.