പടക്കശാലയിൽ സ്ഫോടനം ഉടമയ്ക്ക് ഗുരുതര പരിക്ക്
പാലോട് : നന്ദിയോട് പടക്ക വില്പനശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഉടമയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ആലംപാറ ശ്രീമുരുക പടക്കശാല ഉടമ പുലിയൂർ സ്വദേശി ഷിബുവിനാണ് പൊള്ളലേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ കടയിൽ ഷിബു ഒറ്രയ്‌ക്കായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ പൊള്ളലേറ്റ് അബോധാവസ്ഥയിലായിരുന്നു ഷിബു. സാഹസപ്പെട്ടാണ് നാട്ടുകാർ ഷിബുവിനെ പുറത്തെത്തിച്ചത്. നന്ദിയോടു നിന്ന് ആംബുലൻസ് എത്തിയാണ് ഷിബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.നാലുലക്ഷം രൂപയുടെ പടക്കങ്ങളും കോൺക്രീറ്റ് കെട്ടിടത്തിന്റെ ചുമരുകളും സ്‌ഫോടനത്തിൽ ചിതറിത്തെറിച്ചു. കെട്ടിടം തകർന്നതിലൂടെ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ രണ്ടു വീടുകളുടെ ജനലുകളും തകർന്നു. വിതുരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് പാഞ്ഞെത്തിയാണ് തീ അണച്ചത്. ഓണം, ദീപാവലി ആഘോഷങ്ങൾ മുൻകൂട്ടിക്കണ്ട് കൂടുതൽ പടക്കങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നു. അപകടകാരണം വ്യക്തമല്ല. പടക്ക നിർമ്മാണത്തിനും വില്പനയ്ക്കും സ്ഥാപനത്തിന് ലൈസൻസ് ഉണ്ട്. പാലോട് പൊലീസ് കേസെടുത്തു. രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർസ്റ്റേഷൻ ഓഫീസർ എ.കെ.രാജേന്ദ്രൻ, അസി.സ്റ്റേഷൻ ഓഫീസർ ഹരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രേംരാജ്, ഗോപകുമാർ, റിയാസ്, അരുൺ.കെ.പി, അനൂപ്.എസ്, രോഹിത് തുടങ്ങിയവർ നേതൃത്വം നൽകി.