ഏജീസ് ഓഫീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു
ന്യൂഡല്‍ഹി: അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ആയിരിക്കെ പിരിച്ചുവിടപ്പെട്ട കെ. എ. മാനുവലിനെ തിരികെ സര്‍വീസിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരും സി ആന്‍ഡ് എജിയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം, നടപടി നേരിട്ട കാലയളവിലെ ശമ്ബളം ലഭിക്കണമെന്ന മാനുവലിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.ജസ്റ്റിസുമാരായ ബി. ആര്‍. ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. 2006 ഡിസംബറില്‍ ഏജീസ് ഓഫീസില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിനും ഓഫീസിലെ ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്തുവെന്നുള്ള ആരോപണത്തിന്‍റെ പേരിലുമാണ് മാനുവലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.ഇതിനെതിരെ മാനുവല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ 2010-ല്‍ പിരിച്ചുവിടല്‍ റദ്ദാക്കിയിരുന്നു. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജി 2018-ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ കേന്ദ്രവും സി ആന്‍ഡ് എജിയും നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ തള്ളിയത്.സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും നടപടി നേരിട്ട കാലയളവിലെ ശമ്ബളം നല്‍കാന്‍ നിര്‍ദേശിക്കണമെന്ന മാനുവലിന്റെ ആവശ്യം ഹൈക്കോടതിയും അംഗീകരിച്ചിരുന്നില്ല. പിരിച്ചുവിട്ടതിന് ശേഷം മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സ്റ്റാഫില്‍ അംഗമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശമ്ബളം നിഷേധിച്ചത്. ഇതിനെതിരെ മാനുവല്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി. കെ. എ. മാനുവലിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷക ബീന മാധവന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്