സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്‌യുടെ മകനെതിരെ കേസ്
ഹൈദരാബാദ്: സഹപാഠിയെ ആക്രമിച്ച സംഭവത്തിൽ തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്‌യുടെ മകനെതിരെ കേസ്. എഞ്ചിനീയറിങ് വിദ്യാർഥിയായ സായ് ഭഗീരഥ് കൂടെ പഠിക്കുന്ന വിദ്യാർഥിയെ കോളജ് കാമ്പസിൽവച്ചും ഹോസ്‌റ്റൽ മുറിയിൽവച്ചും മർദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ മഹീന്ദ്ര സർവകലാശാലയിലാണ് സംഭവം.ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബണ്ടി സഞ്ജയ്‌യുടെ മകൻ സായ് ഭഗീരഥ് സഹപാഠിയെ മർദിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്‍റ്സ് കോ ഓർഡിനേറ്റർ സുകേഷിന്‍റെ പരാതിയിലാണ് ദുണ്ടിഗൽ പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.2022 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം. അന്ന് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ബണ്ടി സഞ്ജയ്‌യുടെ മകന്‍റെ പേരിൽ കേസെടുത്തിരുന്നില്ല. ഇന്നലെ ആക്രമണത്തിന് ഇരയായ വിദ്യാർഥി മറ്റൊരു വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് സായ് ഭഗീരഥിനെതിരെ കേസെടുത്തത്.