അയിര – ഞാറക്കാല റോഡിൽ വെള്ളക്കെട്ട്
പാറശ്ശാല :മഴക്കാലത്ത് റോഡിൽ രൂപംകൊള്ളുന്ന വെള്ളക്കെട്ട് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കാരോട് ഗ്രാമപ്പഞ്ചായത്തിലെ അയിര ഇട്ടിച്ചിവിള ഞാറക്കാല റോഡിലെ വെള്ളക്കെട്ടാണ് നാട്ടുകാർക്ക് ദുരിതമായി മാസങ്ങളോളം നിൽക്കുന്നത്.വെള്ളക്കെട്ട് രൂപംകൊള്ളുന്ന പ്രദേശത്തെ റോഡിന്റെ ഇരുവശവും ഉയർന്നനിലയിലാണ്. ഇതുമൂലം മഴക്കാലത്ത് മഴവെള്ളം താഴ്ന്നഭാഗത്തേക്ക് ഒഴുകിയെത്തി ഇവിടെ കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. മഴക്കാലം അവസാനിച്ചാൽപ്പോലും ചിലപ്പോൾ മാസങ്ങളോളം ഇവിടെ വെള്ളക്കെട്ട് നിലനിൽക്കാറുണ്ട്.റോഡിന്റെ ഇരുവശത്തെയും ഭൂമി ഉടമകൾ മതിൽകെട്ടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ട് രൂപംകൊള്ളുന്നതിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. റോഡും ഇരുവശങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങുന്നതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ദുരിതത്തിലാകുന്നത്. സ്കൂൾ വിദ്യാർഥികളടക്കം ഈ മലിനജലത്തിൽ ചവിട്ടിവേണം ഈ പ്രദേശം കടന്നുപോകേണ്ടത്. ഈ ഭാഗത്ത് റോഡ് ഉയർത്തി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധിതവണ പ്രദേശവാസികൾ പഞ്ചായത്തിനും എം.എൽ.എ.ക്കും പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.