പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും
കൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടന്ന് കണ്ടെത്തിയത്. മനുഷ്യജീവനെ നേരിട്ട് ബാധിക്കുന്ന ഈ അപകടാവസ്ഥ അധികൃതരെ സ്പര്‍ശിക്കുന്നതേയില്ല.പെരിയാറിലെ വെള്ളത്തില്‍ രാസമാലിന്യം പോലെ തന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്‍ന്നിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കെമിക്കല്‍ ഓഷിനോഗ്രഫി ഡിപ്പാര്‍ട്ടുമെന്റും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പല ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.എന്‍ഡോസള്‍ഫാനും ഡിഡിടിയുമെല്ലാം നിര്‍മ്മിച്ചിരുന്ന ഫാക്ടറികള്‍ പെരിയാറിന്റെ ഇരുകരകളിലുമുണ്ടായിരുന്നു. അടച്ചുപൂട്ടിപ്പോയ ഫാക്ടറികളില്‍ നിന്ന് മുമ്പ് നിക്ഷേപിച്ച കീടനാശിനികള്‍ പോലും ഇപ്പോഴും പെരിയാറിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന അളവില്‍ അടിഞ്ഞു കിടപ്പുണ്ട്. ഒപ്പം കൃഷി ആവശ്യത്തിനായി പരിധിയില്ലാതെ ഉപയോഗിക്കുന്ന കീടനാശിനികളും മഴയില്‍ ഒഴുകി പെരിയാറിലേക്ക് എത്തുന്നു.