ജീവനക്കാര്‍ക്ക് ഇനി ജീവാനന്ദം; ശമ്പളവിഹിതം പിടിക്കും,
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച് ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിതുടങ്ങി. ജീവനക്കാര്‍ വിരമിച്ചുകഴിയുമ്പോള്‍ മാസംതോറും നിശ്ചിതതുക തിരികെനല്‍കുംവിധം പദ്ധതി ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.ജീവനക്കാര്‍ക്കായി കഴിഞ്ഞബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന ഈ ആന്വിറ്റി സ്‌കീം സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ രൂപരേഖ തയ്യാറാക്കിനല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടു.നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പി.എഫ്. അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്. ഇതിനുപുറമേയാണ് ജീവാനന്ദത്തിനായി ശമ്പളവിഹിതം പിടിക്കുക. ശമ്പളത്തിന്റെ പത്തുശതമാനംവീതം ഈടാക്കിയാല്‍പോലും പ്രതിമാസം കോടികള്‍ സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകും.ആന്വിറ്റി സ്‌കീം ആവിഷ്‌കരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ഏതെങ്കിലുംവിധത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ എന്നത് വ്യക്തമല്ല. രൂപരേഖ തയ്യാറാകുന്നതോടെ മാത്രമേ ഇക്കാര്യം അറിയാനാവൂ.അതേസമയം ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപിച്ചു. പദ്ധതിയെ എതിര്‍ത്ത് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ ആരോപിച്ചു.