ആകാശ് തില്ലങ്കേരിയെ ജയിലിൽ തന്നെ പൂട്ടാൻ അണിയറ നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു
കണ്ണൂർ: സിപിഎമ്മിന് തീരാതലവേദനയായ ആകാശ് തില്ലങ്കേരിയെ ജയിലിൽ തന്നെ പൂട്ടാൻ അണിയറ നീക്കങ്ങൾ നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു. കാപ്പ കേസിൽ പ്രതിയായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്കെതിരെ ജയിൽ ഓഫീസറെ ആക്രമിച്ചുവെന്ന അതീവഗുരുതമായ മറ്റൊരു കേസുകൂടി വന്നതോടെ പുറത്തിറങ്ങുന്ന കാര്യവും അനിശ്ചിതത്തിലായി. ആറുമാസമായി ജയിലിൽ കിടക്കുന്ന ആകാശിന് കാലാവധി കഴിഞ്ഞു ജയിലിൽനിന്നു പുറത്തിറങ്ങാൻ കോടതിയെ സമീപിച്ചാൽ സാധ്യതയുണ്ടാകുന്ന സമയത്താണ് മറ്റൊരു ക്രിമിനൽ കേസിൽ കൂടി പ്രതിയാകുന്നത്.ആകാശിനെതിരായ ഇപ്പോഴത്തെ കേസ് ആഭ്യന്തരവകുപ്പ് മനപ്പൂർവ്വം കെട്ടിച്ചമച്ച കള്ളക്കേസാണെന്നാണ് ആകാശുമായി ബന്ധമുള്ളവർ ആരോപിക്കുന്നത്. മാത്രമല്ല, എടയന്നൂർ ശുഹൈബ് വധക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ അതുവരെ ആകാശിനെ ജയിലിൽ തന്നെ പാർപ്പിക്കാനുളള രഹസ്യനീക്കമാണ് നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.അകാരണമായി വിയ്യൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തന്നെയാണ് മർദിച്ചതെന്നാണ് ആകാശ് പോലീസിനു നൽകിയ മൊഴി. ജയിൽ ഉദ്യോഗസ്ഥനെ മർദിച്ചതിനെ തുടർന്ന് അതിസുരക്ഷ ജയിലിൽ കഴിയുന്ന ആകാശ് തില്ലങ്കേരിക്ക് മെഡിക്കൽ പരിശോധന നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.ജയിലിലെ ആക്രമണത്തിൽ ആകാശിന് പരിക്ക് പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് നിർദേശം. തൃശൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകിയത്. മെഡിക്കൽ റിപ്പോർട്ടും സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.ആകാശിന്റെ അച്ഛൻ മോഹനൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി ഇടപെടൽ. ആകാശിനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളെ തുടർന്നു ജയിൽ അസിസ്റ്റന്റ് വാർഡനെ ആകാശ് തിലങ്കേരി മർദിച്ചുവെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ഇതേ തുടർന്ന് ജയിൽ ഉദ്യോഗസ്ഥൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കേസെടുത്തിട്ടുണ്ട്.