ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത്, കെട്ടിടം വാങ്ങാന്‍ ആവശ്യപ്പെട്ടത് 1 ലക്ഷം, അതും ഒരു മാസം മുമ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം പിരിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്ത്. കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങള്‍ നല്‍കിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ പുറത്തുവന്നു. നയത്തിലെ ഇളവിനുള്ള സഹായമായെന്ന നിലക്ക് രണ്ടരലക്ഷം ആവശ്യപ്പെട്ടത് വിവാദമായപ്പോഴാണ് അതും കെട്ടിടം വാങ്ങാനെന്ന് പറഞ്ഞ് തലയൂരാനുള്ള അസോസിയേഷന്‍ നേതാക്കളുടെ നീക്കം.രണ്ടരലക്ഷം ആവശ്യപ്പെട്ടുള്ള ബാറുടമ നേതാവ് അനിമോന്റെ ഓഡിയോ വിവാദമായപ്പോള്‍ ഇളവിനല്ല പണപ്പിരിവ് കെട്ടിടം വാങ്ങാനെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്റെ വിശദീകരണം. തിരക്കഥയെന്ന പോലെ അടുത്ത ദിവസം അനിമോനും മല്ലക്കം മറിഞ്ഞ് പണം ചോദിച്ചത് കെട്ടിടത്തിനാണെന്ന വിശദീകരണവും ഇറക്കി. എന്നാല്‍ ബാറുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ വാട്‌സ് അപ് ഗ്രൂപ്പില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്ന സ്‌ക്രീന്‍ ഷോട്ടില്‍, കെട്ടിടം ഫണ്ടിലേക്ക് നല്‍കേണ്ടത് ഒരുലക്ഷമാണെന്ന് കൃത്യമായി പറയുന്നുണ്ട്.അനിമോന്റെ വിവാദ ഓഡിയോയില്‍ പറയുന്ന ഇടുക്കിയിലെ സ്‌പൈസ് ഗ്രോ ഹോട്ടല്‍ ഉടമ കഴിഞ്ഞ ഡിസംബര്‍ 21ന് ബാങ്ക് വഴി നല്‍കിയ പണത്തിന്റെ രേഖയാണിത്. ആ തുകയും ഒരുലക്ഷമാണ്. എത്ര രൂപ പിരിഞ്ഞ് കിട്ടിയെന്ന് നേതൃത്വം അറിയിച്ചിട്ടില്ലെന്നാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിവാദത്തിന് പിന്നാലെ പിരിഞ്ഞുകിട്ടിയത് നാലരക്കോടി മാത്രമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. രജിസ്‌ട്രേഷന് രണ്ടര കോടി കൂടി വേണമെന്നും പറയുന്നു.എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് വായ്പയായാണ് തുക ആവശ്യപ്പെട്ടതെന്നാണ് പ്രസിഡണ്ട് പറഞ്ഞത്. അനിമോന്റെ ഓഡിയോയില്‍ പണം ആവശ്യപ്പെട്ടത് ഇടുക്കി ജില്ലയിലെ എല്ലാം അംഗങ്ങളോടുമാണ്. ഓഡിയോയില്‍ കെട്ടിടത്തിന്റെ കാര്യം പറയുന്നതേ ഇല്ല. കെട്ടിടത്തിനായി നേരത്തെ ഒരു ലക്ഷം നല്‍കിയവരോട് തന്നെയാണ് രണ്ടരലക്ഷം കൂടി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇതില്‍ 23ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പല അംഗങ്ങളും നേതൃത്വത്തെ ചോദ്യം ചെയ്തിരുന്നുവെന്നും പല അംഗങ്ങളും പറയുന്നു. പ്രത്യുപകാരമായി ആവശ്യപ്പെട്ട രണ്ടരലക്ഷത്തിന്റെ വിവരം പുറത്തായതോടെയാണ് എല്ലാം കെട്ടിടഫണ്ടിലേക്കെന്ന് പറഞ്ഞുള്ള തടിതപ്പല്‍. വിവാദം മുറുകുമ്പോഴും കെട്ടിടം രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് സംഘടനയുടെ നീക്കം. ഇനി കൂടുതല്‍ പിരിക്കാതെ ബാക്കി തുക സംഘടനയുടെ തനത് ഫണ്ടില്‍ നിന്ന് എടുക്കുമെന്നാണ് നേതൃത്വം പറയുന്നത്.