വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും
തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങള്‍ കത്തിനില്‍ക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. സിഎംഡിആര്‍എഫ് തട്ടിപ്പ്,ലൈഫ് മിഷന്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ ഇനി സഭയില്‍ സജീവ ചര്‍ച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.സെസ് പ്രശ്‌നവും സമരം ചെയ്തവര്‍ക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സര്‍വ്വകലശാല സിന്‍ഡിക്കേറ്റ് രൂപീകരണ ബില്‍ സര്‍ക്കാര്‍ മാറ്റി വെച്ചു.