മദ്യനയ ചർച്ചകൾ തുടങ്ങിയിട്ടില്ല; പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്തുവിട്ട ശബ്‌ദരേഖ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി എം ബി രാജേഷ്. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾപോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ മദ്യനയത്തിൽ ഇങ്ങനെ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്ന് പറഞ്ഞുകൊണ്ട് പണപ്പിരിവിന് ശ്രമിക്കുന്നു എന്നുള്ളത് ഗൗരവമായാണ് കാണുന്നത്. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകും – മന്ത്രി പറഞ്ഞു.ഒരുതരത്തിലും ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല. മദ്യനയം സർക്കാരാണ് ആവിഷ്‌ക്കരിക്കുന്നത്. അതിന്റെ ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ. ആ ചർച്ച നടക്കുന്നതിന് ഒരുമാസം മുൻപ് തന്നെ മാധ്യമങ്ങളിൽ സ്ഥിരമായി വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ട്. ആ വാർത്തകളുടെ പശ്‌ചാത്തലത്തിൽ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി അക്കാര്യത്തിൽ ഉണ്ടാകും. ശബ്‌ദരേഖ കലാപരിപാടി കഴിഞ്ഞ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണ്. തെറ്റായ പ്രവണതകളെ കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ചർച്ചകളിലേക്ക് കടക്കാത്തത്. മദ്യനയത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉറവിടം എന്താണെന്ന് അറിയില്ല. ഐടി പാർക്കിൽ അനുമതി നൽകുന്ന കാര്യം കഴിഞ്ഞ മദ്യനയത്തിൽ ഉള്ളതാണ്. തെറ്റായ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകാം ചിലർ പണപ്പിരിവിന് ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.