രാജ്യസഭാംഗത്വം രാജിവെക്കില്ലെന്നും സ്വാതി മലിവാള്‍ എംപി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് സ്വാതി മലിവാള്‍ എംപി. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും പറഞ്ഞ സ്വാതി മലിവാള്‍, പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും വ്യക്തമാക്കി.തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വാതി മലിവാള്‍ വിവാദം ശക്തമായി ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിട്ടുണ്ട്. തനിക്ക് പിന്നാലെ പിണറായി വിജയനെയും മമത ബാനര്‍ജിയെയും മോദി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഉയര്‍ന്ന വിവാദം എഎപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിനിടെ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിനെ കൂടി ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായാണ് എഎപിയുടെ ആരോപണം. ഇന്നലെ തന്റെ വയോധികരായ മാതാപിതാക്കളെ അന്വേഷണത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മര്‍ദ്ദനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് കെജ്രിവാളിന്റെ വീട്ടിലുണ്ടായിരുന്ന 85 വയസ് പിന്നിട്ട മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കം ഡല്‍ഹി പൊലീസ് ഉപേക്ഷിച്ചിരുന്നു.സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തുണ്ട്. കെജ്രിവാള്‍ 9 ദിവസമായി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്നും ?ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെജ്രിവാള്‍ സ്വാതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്ന സ്വാതി മലിവാള്‍ എംപിയുടെ പരാതിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ബിഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 7 തവണ മുഖത്തടിച്ചു. വയറ്റിലും, ഇടുപ്പിലും ചവിട്ടി തുടങ്ങിയ സ്വാതിയുടെ പരാതിയില്‍ ഐപിസി 354, 506, 509, 323 വകുപ്പികളിലാണ് ബിഭവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സ്വാതിയുടെ ഇടത് കാലിനും, കണ്ണിന് താഴെയും കവിളിലും പരിക്കുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെജ്രിവാളിനെതിരെ കൂടി കേസെടുക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കിയതിന് പിന്നാലെ മുഴുവന്‍ നേതാക്കളെയും ജയിലിലിടാന്‍ നീക്കം നടക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു