സംസ്ഥാനത്തിന് കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമ അനുമതി ഇനിയും ലഭിച്ചില്ല :വൈകിയാല്‍ ശമ്പളം, പെന്‍ഷന്‍ വിതരണം താളംതെറ്റും
തിരുവനന്തപുരം: സംസ്ഥാനത്തിന് കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമ അനുമതി ഇനിയും ലഭിച്ചില്ല. വെള്ളിയാഴ്ച അനുമതി കിട്ടിയില്ലെങ്കില്‍ ഈമാസം കടമെടുക്കാനാവില്ല. അങ്ങനെവന്നാല്‍ ശമ്പളം, പെന്‍ഷന്‍ വിതരണം താളംതെറ്റും.റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ചകളിലാണ് കടപ്പത്രലേലം. വരുന്ന ആഴ്ചയ്ക്കുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചകളിലാണ് വിജ്ഞാപനം ഇറക്കേണ്ടത്. ഈമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച 28-നാണ്. വെള്ളിയാഴ്ച അനുമതികിട്ടി വിജ്ഞാപനമിറക്കിയാലേ അന്ന് കടമെടുക്കാനാവൂ.മേയ് അവസാനമായിട്ടും കടമെടുക്കാന്‍ അനുമതികിട്ടാത്തത് സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കടുത്തപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. 5000 കോടി കടമെടുക്കാനുള്ള താത്കാലിക അനുമതി ചോദിച്ചപ്പോള്‍ 3000 കോടിയാണ് അനുവദിച്ചത്. ഇത് മേയ് ആദ്യത്തോടെ എടുത്തുകഴിഞ്ഞു.വര്‍ഷങ്ങളായി ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാനം കടമെടുക്കാറുണ്ട്. ഇങ്ങിനെയാണ് മാസംതോറുമുള്ള വരുമാനവിടവ് നികത്തിക്കൊണ്ടിരുന്നത്.ട്രഷറി ഇപ്പോള്‍ ഓവര്‍ഡ്രാഫ്റ്റിലാണ്. കേന്ദ്രത്തില്‍നിന്ന് നികുതിവിഹിതമായി 1500 കോടി എത്താനുണ്ട്. ഇത് കിട്ടിയാല്‍ ഓവര്‍ഡ്രാഫ്റ്റ് ഒഴിവാകും. വീണ്ടും ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയി ശമ്പളവും പെന്‍ഷനും കഷ്ടിച്ച് വിതരണംചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ധനവകുപ്പ്.മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനാണ് കടമെടുപ്പ് പരിധി. ഇത്തവണ കേരളത്തിനിത് 37,512 കോടിയാണ്. ഇതില്‍ കിഫ്ബിക്കും ക്ഷേമപെന്‍ഷനും എടുത്തതും പ്രോവിഡന്റ്ഫണ്ടിലെ വര്‍ധനയും കിഴിച്ച് കടമെടുക്കാവുന്നത് എത്രയെന്ന് കേന്ദ്രം അറിയിക്കണം. ഇതാണ് വൈകുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷവും മേയ് അവസാനമാണ് അനുമതിലഭിച്ചത്.